Bootstrap

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ്

അസോസിയേഷന്റെ ചരിത്രം

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന പടുത്തുയര്‍ത്തിയതിന് 1920 മുതലുള്ള ചരിത്രമുണ്ട്. അന്ന് അത് തിരുവിതാകൂര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ദിവാന്‍ മുഖ്യ രക്ഷാധികാരിയും, ചീഫ് സെക്രട്ടറി എക്സ്-ഒഫിഷ്യോ പ്രസിഡന്റും ആയിരുന്നു. മഹാരാജാവിന്റെ ജന്മദിനം, ദിവാന്റെ വിടവാങ്ങല്‍, സെക്രട്ടേറിയറ്റിന്റെ വാര്‍ഷിക ദിനം എന്നിവയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുക, മെമ്മോറാണ്ടം സമര്‍പ്പിക്കല്‍ എന്നിവയായിരുന്നു തിരുവിതാകൂര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 1953 മുതല്‍ തൊഴിലാളികള്‍ക്കിടയില്‍ നിന്നും പ്രസിഡന്റിനെ തെരഞ്ഞെടുത്ത് സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1954 ല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ സെക്രട്ടേറിയററ് അസോസിയേഷന്‍ എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ സെക്രട്ടേറിയററ് അസോസിയേഷന്‍ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളില്‍ നിന്ന് ഓരോ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി ശ്രീ നാരായണന്‍ നായര്‍, ശ്രീ അപ്പുകുട്ടന്‍ നായര്‍ എന്നിവരെ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. 1957 ഏപ്രില്‍ 5 ന് സഖാവ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 309 അടിസ്ഥാനമാക്കിയുള്ള പൊതു സേവന നിയമങ്ങള്‍ 1958 ഡിസംബര്‍ 17 മുതല്‍ പ്രയോഗത്തില്‍ വരികയും ചെയ്തു.

1962 ഒക്ടോബര്‍ 27-28 തീയതികളില്‍ തൃശ്ശൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ എന്‍.ജി.ഒ. യൂണിയന്‍ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ തൊഴിലാളി വര്‍ഗ്ഗത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ജീവനക്കാരുടെ യൂണിയന്‍ സ്വയം രൂപം കൊള്ളുകയുണ്ടായി. തിരുവിതാംകൂര്‍ കൊച്ചിന്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ രണ്ട് നേതാക്കന്‍മാരായിരുന്ന ശ്രീ അപ്പുകുട്ടന്‍ നായര്‍, ശ്രീ സി. ജെ. ജോസഫ് എന്നിവരെ തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍ നടന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുത്തു എന്നാരോപിച്ച്, 1960 ലെ പട്ടം എ താണുപിള്ള സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പിന്നീട് അവരെ ശിക്ഷാനടപടിയുടെ ഭാഗമായി സെക്രട്ടേറിയറ്റില്‍ നിന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിലേക്ക് സ്ഥലംമാറ്റുകയുണ്ടായി. 1967 ല്‍ ഇ എം എസ് സര്‍ക്കാര്‍ , ശ്രീ അപ്പുകുട്ടന്‍ നായര്‍, ശ്രീ സി ജെ ജോസഫ് എന്നിവരെ തിരികെ സെക്രട്ടേറിയറ്റില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും, അവര്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികള്‍ റദ്ദാക്കുകയും ചെയ്തു. പിന്നീട് ട്രാവന്‍കൂര്‍ കൊച്ചിന്‍ സെക്രട്ടേറിയററ് അസോസിയേഷന്‍ , കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ആയി മാറി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള കൂട്ടായ വിലപേശലിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി 1966 മെയ് 24 ന് ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നും പിന്മാറിയതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒരു ഐക്യവേദി രൂപീകരിച്ചു. 1966 ഡിസംബര്‍ 22 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. പണിമുടക്കില്‍ പങ്കെടുത്തതിന് ഏഴ് വനിതാ ജീവനക്കാരുള്‍പ്പെടെ 69 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പുതുതായി ആര്‍ജ്ജിച്ച ഊര്‍ജ്ജത്തോടെയും ശക്തിയോടെയും സെക്രട്ടേറിയറ്റിലെ 90% ജീവനക്കാരും 1967 ജൂണ്‍ 5 മുതല്‍ പണിമുടക്കില്‍ ഭാഗഭാക്കായി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തക്ക് തുല്യമായ ക്ഷാമബത്ത ഉറപ്പ് വരുത്തുന്നതിനായുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനുള്ള ശിക്ഷാനടപടിയായി കേരളത്തില്‍ ആദ്യമായി 1971 ഫെബ്രുവരി 10 മുതല്‍ 12 വരെ ജീവനക്കാര്‍ക്കെതിരെ Dies Non ചുമത്തി. സമാധാനപരമായി നടന്നിരുന്ന പണിമുടക്ക് അടിച്ചമര്‍ത്താനുള്ള നടപടി എന്ന നിലയിലായിരുന്നു Dies Non ചുമത്തിയത്. ശമ്പള പരിഷ്കരണത്തിനായി 1973 ജനുവരി 10 മുതല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പതിവുപോലെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി കൂട്ടായ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്ന് 60 ജീവനക്കാര്‍ അസോസിയേഷനില്‍ നിന്നും രാജി വയ്ക്കുകയും സമരത്തില്‍ അണിചേരുകയും ചെയ്തു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമാധാനപരമായ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതിനായി മറ്റൊരു സംഘടന രൂപീകരിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചു. 1973 മാര്‍ച്ച് 27 ന് 80 ജീവനക്കാര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ സേവ്യേഴ്സ് അനക്സ് ഹാളില്‍ വച്ച് ഒരു കണ്‍വെന്‍ഷന്‍ നടത്തുകയും പ്രസ്തുത കണ്‍വെന്‍ഷനില്‍ വച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള ഐതിഹാസികമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. സഖാവ് സി ജെ ജോസഫ് കണ്‍വീനറായി 11 അംഗങ്ങള്‍ അടങ്ങിയ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. 1973 ഏപ്രില്‍ 8-9 തീയതികളില്‍ തിരുവനന്തപുരത്ത് YMCA ഹാളില്‍ യൂണിയന്റെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. പ്രസ്തുത സമ്മേളനത്തില്‍ വച്ച് താഴെപ്പറയുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

  • സ. സി.ജെ. ജോസഫ് - പ്രസിഡന്റ്
  • സ. രാഘവന്‍ - വൈസ് പ്രസിഡന്റ്
  • സ. ജി. കുചേലദാസ് - ജനറല്‍ സെക്രട്ടറി
  • സ. എന്‍. സുരേന്ദ്രന്‍ - ജോയിന്റ് സെക്രട്ടറി
  • സ. കെ. ഉണ്ണികൃഷ്ണന്‍ - ജോയിന്റ് സെക്രട്ടറി
  • സ. കെ.ജി. പ്രകാശ് - ട്രഷറര്‍
  • സ. കെ. സരളദേവി - കമ്മിറ്റി അംഗം
  • സ. കെ. ജയപ്രസാദ് - കമ്മിറ്റി അംഗം
  • സ. റ്റി.എ. ആന്റണി - കമ്മിറ്റി അംഗം
  • സ. റ്റി. ഗോപാലകൃഷ്ണന്‍ - കമ്മിറ്റി അംഗം
  • സ. ജി. ചെല്ലപ്പന്‍ - കമ്മിറ്റി അംഗം
  • സ. കെ. ഹരിദാസ് - കമ്മിറ്റി അംഗം
  • സ. റ്റി.കെ. ഗോപാലകൃഷ്ണന്‍ - കമ്മിറ്റി അംഗം
  • സ. അയ്യപ്പന്‍ - കമ്മിറ്റി അംഗം
  • സ. കെ.കെ. സുബ്രഹ്മണ്യന്‍ - കമ്മിറ്റി അംഗം

1977 ജനുവരി 27 ന് സെക്രട്ടേറിയറ്റ് ക്ലാസ് IV എംപ്ലോയീസ് അസോസിയേഷന്‍, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയനില്‍ ലയിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രൂപീകരിച്ചു. അതിന്റെ നിയന്ത്രണം താഴെപ്പറയുന്നവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരുന്നു.

  • സ. ജി. സദാശിവന്‍ - പ്രസിഡന്റ്
  • സ. എന്‍. സുകുമാരന്‍ - വൈസ് പ്രസിഡന്റ്
  • സ. ജി. കുചേലദാസ് - ജനറല്‍ സെക്രട്ടറി
  • സ. കെ. ഉണ്ണികൃഷ്ണന്‍ - ജോയിന്റ് സെക്രട്ടറി
  • സ. കെ. അപ്പുകുട്ടന്‍ നായര്‍ - ജോയിന്റ് സെക്രട്ടറി
  • സ. പി. ചന്ദ്രദത്തന്‍ - ട്രഷറര്‍